നാട്ടുവിശേഷം

പറവന്നൂരിന്‍റെ ഇബ്രാഹിം കാക്ക

    ഇന്ന് അദ്ദേഹം നമ്മുടെ കൂടെയില്ല.ഈ ലോക ജീവിതത്തില്‍ നിന്നും ഒരിക്കലും അവസാനിക്കാത്ത പരലോക ജീവിതത്തിലേക്ക് അദ്ദേഹം യാത്രയായി 

ഓര്‍മ്മവച്ച നാള്‍ മുതല്‍ കാണുന്നതാണ് ഞാനിദ്ധേഹത്തെ.പതുക്കെയുള്ള നടത്തം,തലയിലൊരു കെട്ടും,കൈവിരലുകളില്‍ നിന്ന് ചുണ്ടുകളിലേക്ക് മാറി-മാറി സ്ഥാനം മാറിക്കൊണ്ടിരിക്കുന്ന ബാപ്പുബീഡിയും  വായുവില്‍ അലസമായി  സഞ്ചരിക്കുന്ന അതിന്‍റെ പുകയും.രാത്രിയില്‍ തന്‍റെ സന്തത സഹാജാരിയായി കൂടെ കൊണ്ട് നടക്കുന്ന ബാറ്ററിയുടെ ഒരു എവറടി ടോര്‍ച്ചും.
        
           സംസാരത്തില്‍ അറു പിശുക്കനായിരുന്നു ഇബ്രാഹിംക്ക,ആരെങ്കിലും എന്തങ്കിലും ചോതിച്ചാല്‍ മാത്രം മറുപടി.ചിലപ്പോള്‍ അദ്ദേഹം പറയുന്ന മറുപടി നമ്മള്‍ കേള്‍ക്കണമെന്നില്ല.രണ്ടാമത് ചോതിച്ചാല്‍ ചിലപ്പോള്‍ ഉത്തരം കിട്ടണമെന്നില്ല.ആരോടും ഒരു പരിഭവവും പരാതിയുമില്ലാതെ തന്‍റെ ലക്ഷ്യത്തിലേക്ക് പതുക്കെ നടന്നുകൊണ്ടിരിക്കും...
        
            കല്ല്യാണവീട്ടിലും,സല്‍ക്കാരവീട്ടിലും,മരണവീട്ടിലുമെല്ലാം അദ്ദേഹത്തിന്‍റെ സാമീപ്യം നാട്ടുകാര്‍ക്കെല്ലാം ആസ്വാശമായിരുന്നു ,ആരു എന്ത് സഹായത്തിനു വിളിച്ചാലും എതിര്‍പ്പില്ലാതെ അവരോട്സഹകരിക്കുന്ന സമീപനം.ആരങ്കിലും കണ്ടറിഞ്ഞു വല്ലതും കൊടുത്താല്‍ അത് സ്വീകരിക്കും ഇല്ലങ്കില്‍ ആരോടും പരിഭവമില്ല.
                    
                            തികച്ചും ഒരു ഏകാന്ത ജീവിതം ആയിരുന്നു അദ്ദേഹത്തിന്‍റെത്.എങ്കിലും കക്കിടിപ്പറമ്പത്ത് മുഹമ്മദ്‌ കാക്കയും അദ്ദേഹത്തിന്‍റെ കുടുംബവുമായി നല്ല അടുപ്പമായിരുന്നു.
      ഏകാന്ത  ജീവിതം അദ്ദേഹം തിരഞ്ഞെടുത്തതോ ഒറ്റപ്പെടലുകള്‍ അങ്ങിനെ ആക്കിതീര്‍ത്തതോ ആവാം,ഒരു പക്ഷെ പാരമ്പര്യമാവാം ,കാരണം അദ്ദേഹത്തിന്‍റെ സഹോദരനും ഈ ശൈലി ആയിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ.സ്കൂളില്‍ പോവുമ്പോള്‍ സ്ഥിരം കണ്ടിരുന്ന ഒരു മുഖമായിരുന്നു അദ്ദേഹത്തിന്‍റെത്.     

       ഞാന്‍ ജനിക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇബ്രാഹിംക്ക  ഇസ്ലാമിലേക്ക് കടന്നു വന്നത്.
        ഏകദൈവ വിശ്വോസം എന്ന സത്യം മനസ്സിലാകി ഇസ്ലാമിലേക്ക് വന്ന അദ്ദേഹത്തിനു ആ മുല്യങ്ങളില്‍ ഉറച്ചുനിന്നു സഞ്ചരിക്കാനുള്ള സാഹജര്യം ഒരുക്കി കൊടുക്കുന്നതില്‍ ഇവിടുത്തെ മഹല്ല് കമ്മിറ്റികളും കാരണവന്മാരും ഒരു പരാജയമായിരുന്നു.അദ്ദേഹത്തിനു കുടുംബ ജീവിതം ഒരുക്കികൊടുക്കുന്നതിലും താമസിക്കാന്‍ ഒരിടം നല്‍കുന്നതിലും ആരും ശ്രദ്ധിച്ചില്ല.ഒഴിഞ്ഞു കിടന്നിരുന്ന വീടുകളും പീടികത്തിണ്ണകളുമായിരുന്നു അന്തിയുറങ്ങാനുള്ള ഒരാശ്രയം.എങ്കിലും ഒരു പരാതിയും പരിഭവവും പ്രകടിപ്പിച്ചില്ല.
            
         ഇതിനിടയിലാണ്  കുടുംബസ്വത്തില്‍ ഭാഗം വെപ്പ് നടന്നപ്പോള്‍ കിട്ടിയ കുറച്ചു ലക്ഷങ്ങള്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ വന്നു ചേരുന്നത്.
        
       ഒരു വീട് വേണമെന്നും  ഒരു കുടുംബം വേണമെന്നും മനസ്സില്‍ ഒളിപ്പിച്ചു കൊണ്ടുനടന്നിരുന്ന ആഗ്രഹം ഈ കാശ് കയ്യില്‍ കിട്ടിയതിനു ശേഷമാണ് അദ്ദേഹം പ്രകടിപ്പിച്ചു തുടങ്ങിയത്.
            
         അദ്ദേഹത്തിന്‍റെ കയ്യിലെ കാശില്‍ നോട്ടമിട്ടു ചിലര്‍ പെണ്ണുകാണല്‍ ചടങ്ങിന്‍റെ ഒരു ഘോഷയാത്ര തന്നെ നടത്തി.രാവിലെ തന്നെ ബ്രോക്കര്‍മാരുടെ കൂടെ പെണ്ണുകാണാന്‍ ഇറങ്ങിയാല്‍ രാത്രിയാവും തിരിച്ചു വരാന്‍ .ഇതിനിടയില്‍ ബ്രോക്കര്‍മാരുടെ രാവിലത്തെ പിട്ടും കടലയും,ഉച്ചക്കുള്ള ബിരിയാണി,രാത്രിയിലെ ബീഫും പൊറാട്ടയും എല്ലാം ഇബ്രാഹിംക്കായുടെ  കണക്കില്‍ പെടുത്തി അവര്‍ ഹാപ്പിയാവും.

            ഇതിനിടയില്‍ തന്നെ ആദ്ദേഹത്തിന് സ്വന്തമായി ഒരു വീടിനുവേണ്ടി നാട്ടിലെ യുവാക്കള്‍ ശ്രമിക്കുന്നതിനിടയിലാണ് തണ്ണീര്‍ചാല്‍ കോളനിയില്‍ കല്‍പ്പകഞ്ചേരി പഞ്ചായത്തിന്‍റെ വീടില്ലാത്തവര്‍ക്ക് വീട് വെക്കാനുള്ള പട്ടയ ഉത്തരവ് വരുന്നത്.

                  അങ്ങിനെ എല്ലാവരുടെയും ശ്രമഫലമായി ഒരു ഓല മേഞ്ഞ കൊച്ചു വീട് ആ കോളനിയില്‍ ഇബ്രാഹിംക്കായുടെതായി ഉയര്‍ന്നു.പക്ഷെ ഒരു കുടുംബജീവിതം എന്ന അദ്ദേഹത്തിന്‍റെ സ്വപ്നം മാത്രം പൂവണിഞ്ഞില്ല.
        പിന്നീടങ്ങോട്ട് തന്‍റെ ജീവിതത്തിന്‍റെ അവസാന കാലഘട്ടത്തില്‍ പള്ളിയും നിസ്ക്കാരവും പ്രാര്‍ത്തനയുമായി ചിലവയിച്ചു.

   പറന്നൂര്‍ചോല ജുമാമസ്ജിദ് മുന്‍പ് നിസ്ക്കരപ്പള്ളിയായിരുന്നപ്പോള്‍ ദീര്‍ഘകാലം ഇമാമായും മദ്രസ്സ സദര്‍ ആയും സേവനം അനുഷ്ട്ടിചിരുന്ന ചാപ്പനങ്ങാടി അബൂബക്കര്‍ മുസ്ലിയാരുമായി നല്ല അടുപ്പവും അദ്ദേഹത്തിനു വളരെ പ്രിയപ്പെട്ടവനുമായിരുന്നു .
      
       നമുക്കെല്ലാം പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ ഇവിടെ വിട്ടുകൊണ്ട് ഒരിക്കലും അവസാനിക്കാത്ത പരലോക ജീവിതത്തിലേക്ക് അദ്ദേഹം യാത്രയായി.കൂടെ ആ ടോര്‍ച്ചിന്‍റെ അരണ്ട വെളിച്ചവും.

          പക്ഷെ ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവശേഷിക്കുന്നു 

  ''ജീവിച്ചിരിക്കുമ്പോള്‍  അദ്ദേഹത്തോട് നമ്മള്‍ ചെയ്യേണ്ട കടമകള്‍ നിര്‍വഹിച്ചുവോ.....?''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.