തിരിച്ചറിവുകള്‍


*******************************************************************
 ഗര്‍ഭിണികള്‍ പ്രാര്‍ത്ഥിക്കേണ്ട പ്രത്യേക പ്രാര്‍ത്ഥനകള്‍ 
ഗര്‍ഭിണിയായ ഒരു യുവതിയാണ് ഞാന്‍. ഗര്‍ഭിണികള്‍ പ്രാര്‍ത്ഥിക്കേണ്ട പ്രത്യേക പ്രാര്‍ത്ഥനകള്‍ എന്തെങ്കിലും ഇസ്‌ലാമിലുണ്ടോ? പ്രവാചകന്‍ അത്തരത്തിലുള്ള പ്രാര്‍ത്ഥനകളോ ദിക്‌റുകളോ എന്തെങ്കിലും പറഞ്ഞു തന്നിട്ടുണ്ടോ ?
......................................
ഉത്തരം: ഗര്‍ഭിണികള്‍ക്ക് പ്രത്യേകമായ ദുആകളും പ്രാര്‍ത്ഥനകളും പ്രവാചകന്‍ പഠിപ്പിച്ചിട്ടില്ല. സാധാരണയായി പ്രാര്‍ത്ഥിക്കാറുള്ള പ്രാര്‍ത്ഥനകളും ദിക്‌റുകളും നിങ്ങള്‍ക്ക് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കാവുന്നതാണ്. ഫാതിഹ, ആയതുല്‍ കുര്‍സി, സൂറതുല്‍ ഇഖ്‌ലാസ്, സൂറതുല്‍ ഫലഖ്, സൂറതുന്നാസ് എല്ലാം ഓതാവുന്നതാണ്. ചില പണ്ഡിതന്‍മാരുടെ വീക്ഷണമനുസരിച്ച് സൂറതുല്‍ മര്‍യം പാരായണം ചെയ്യാവുന്നതാണ്.
അങ്ങനെ ചെയ്യണമെന്ന് പ്രവാചകന്റെ പ്രത്യേക നിര്‍ദേശമില്ല. പക്ഷേ മര്‍യം സൂറതില്‍ മര്‍യമിന്റെ പ്രസവവും അവരുടെ വേദനകളും അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചു കൊണ്ടും സഹനമവലംബിച്ചു കൊണ്ടുള്ള സംഭാഷണങ്ങളും ഗര്‍ഭിണിയായ ഏതൊരു സ്ത്രീക്കും മനസ്സിന് വല്ലാത്ത ആശ്വാസം നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല. സുബ്ഹാനല്ലാഹ്, അല്‍ഹം ദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ് എന്നുള്ള പ്രാര്‍ത്ഥനകളും ദിക്‌റുകളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുക.

ഇബ്‌നുല്‍ ഖയ്യിം പറഞ്ഞതു പോലെ ഏതു പ്രാര്‍ത്ഥനകളാണെങ്കിലും അത് നിരന്തരം ആവര്‍ത്തിക്കുന്നതും അത് പതിവാക്കുന്നതും പ്രയാസങ്ങളകറ്റി കാര്യങ്ങള്‍ എളുപ്പമായിക്കിട്ടാന്‍ ഏറ്റവും നല്ലതാണ്. പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ട്. ആരെങ്കിലും ഇസ്തിഗ്ഫാര്‍ തുടര്‍ന്നു കൊണ്ടിരുന്നാല്‍ അല്ലാഹു അവന്റെ പ്രയാസങ്ങള്‍ നീക്കിക്കൊടുക്കും. അവന്‍ കാണാത്ത രീതികളില്‍ അല്ലാഹു അവന് പുതിയ മാര്‍ഗങ്ങള്‍ തുറന്നു കൊടുക്കുകയും ചെയ്യും. അതിനാല്‍ ദിക്‌റുകളും ദുആകള്‍ കൊണ്ടും എപ്പോഴും അല്ലാഹുവിനെ ഓര്‍ത്തു കൊണ്ടിരിക്കുകയും പാപമോചനം തേടിക്കൊണ്ടിരിക്കുകയും ചെയ്യുക. നിങ്ങള്‍ ഗര്‍ഭകാലവും പ്രസവവും ക്ലേശരഹിതമാകും. ഇന്‍ ശാഅല്ലാഹ്!.
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തട്ടം മാറ്റിയിട്ടും മാറാതെ 
(മുന്‍ഫ്രഞ്ച് റാപ്‌സംഗീതജ്ഞ മെലനീ ജോര്‍ജിയാദെസിന്റെ ഇസ്‌ലാംസ്വീകരണത്തെക്കുറിച്ച്)

രാജ്യമൊട്ടാകെ ഹിജാബും നിഖാബും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും വിധേയമായിട്ടും ഫ്രാന്‍സിന്റെ ഇസ്‌ലാം വിരുദ്ധമതേതരത്വത്തിന്റെ മുഖത്ത് തട്ടം തത്തിക്കളിക്കുന്നതാണ് മുന്‍ഫ്രഞ്ച് റാപ്‌സംഗീതജ്ഞ മെലനീ ജോര്‍ജിയാദെസിന്റെ ഇസ്‌ലാംസ്വീകരണത്തിലൂടെ വെളിവാകുന്നത്. 'ദിയംസ്' എന്ന ഓമനപ്പേരിലറിയപ്പെടുന്ന മെലനീ ഈയിടെ ഫ്രഞ്ചുടിവിയായ ടിഎഫ് 1 ല്‍ ഹിജാബുവേഷത്തില്‍ പ്രത്യക്ഷപ്പെട്ട് തന്റെ ഇസ്‌ലാമനുഭവങ്ങള്‍പങ്കുവെക്കുകയുണ്ടായി.
മയക്കുമരുന്നിനടിപ്പെട്ട തന്റെ ഭൂതകാലാനുഭവങ്ങളും  മാനസികപീഡകളും ഏറ്റുപറഞ്ഞ മെലനീ ഖുര്‍ആനും ഇസ്‌ലാമികസംബന്ധിയായ ഗ്രന്ഥങ്ങളും വായിച്ചാണ് താന്‍ ഇസ്‌ലാംസ്വീകരിച്ചതെന്ന് വ്യക്തമാക്കി.
മയക്കുമരുന്നിന്റെ ലോകത്തുനിന്ന് രക്ഷപ്പെട്ട് വിവാഹിതയായശേഷം ഒരു കുഞ്ഞിന്റെ അമ്മയാണ് അവരിപ്പോള്‍. നിഖാബ് നിരോധമുള്ള ഫ്രാന്‍സില്‍ പര്‍ദ്ദയണിഞ്ഞുവരുന്നതില്‍ തനിക്ക് തരിമ്പുംപേടിയില്ലെന്ന് വ്യക്തമാക്കുന്ന മെലനീ സഹിഷ്ണുതയുള്ള സമൂഹത്തിലാണ് താന്‍ ജീവിക്കുന്നതെന്നും വിമര്‍ശനങ്ങളോ,പരിഹാസങ്ങളോ ശാരീരികാക്രമണങ്ങളോ തന്നെ പിന്തിരിപ്പിക്കില്ലെന്നും ഉറച്ചുവിശ്വസിക്കുന്നു. മയക്കുമരുന്നുപയോഗംമൂലം മാനസികനില തകരാറായി കടുത്ത വിഷാദത്തിനടിപ്പെട്ട തനിക്ക് അവസാനം സന്തോഷം കണ്ടെത്താനായത് ഇസ്‌ലാമിന്റെ അടിസ്ഥാനസിദ്ധാന്തങ്ങളിലൂടെയാണെന്ന്  വ്യക്തമാക്കുകയായിരുന്നു.
രാജ്യത്തെ മുസ്‌ലിംവനിതകളിലധികവും ഹിജാബുധരിക്കുന്നില്ലല്ലോ പിന്നെന്തിനാണ് താങ്കളത് ധരിക്കുന്നതെന്ന ചോദ്യത്തിന് മെലനിയുടെ മറുപടി ഇപ്രകാരമായിരുന്നു: 'ദൈവം എന്നോട് കല്‍പിച്ചത് ഇപ്രകാരം വസ്ത്രം ധരിക്കാനാണ്. അതൊരു ഉപദേശമാണ്. അതെനിക്ക് എന്തെന്നില്ലാത്ത നിര്‍വൃതി നല്‍കുന്നു. എനിക്കതുമതി'
'തനിക്കൊരിക്കലും സംഗീതജ്ഞ എന്ന വസ്ത്രം ഫിറ്റല്ലായിരുന്നു. ഹിജാബ് എനിക്ക് സംരക്ഷണത്തിന്റെ ഊഷ്മളത പകര്‍ന്നുനല്‍കി. ഞാനെന്താണെന്ന് എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് ഞാനിപ്പോഴും ഭൂമിയില്‍ അവശേഷിക്കുന്നു'.
'ഇസ്‌ലാമിനുമുമ്പ് ഞാന്‍ വളരെ പ്രശസ്തയായിരുന്നു. പ്രശസ്തവ്യക്തിത്വങ്ങള്‍ക്ക് ലഭിച്ചിരുന്നത് എല്ലാം എനിക്കും ലഭിച്ചിരുന്നു. പക്ഷേ വീട്ടില്‍ചെന്നാല്‍ ഞാനെപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുമായിരുന്നു. അതുപക്ഷേ എന്റെ ആരാധകര്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല.'
'ഭ്രാന്തമായ ആവേശത്തോടെ മയക്കുമരുന്ന് ഞാന്‍ കുത്തിവെച്ചിരുന്നു. അതെത്തുടര്‍ന്ന് മാനസികചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു. പലവിദഗ്ധരുടെയും ചികിത്സകള്‍ക്കു വിധേയയായി. പക്ഷേ ഒന്നും മനഃസംതൃപ്തി തന്നില്ല. ഒരുദിവസം എന്റെയൊരുസുഹൃത്ത് 'ഞാനിപ്പോള്‍ പള്ളിയില്‍പോയി നമസ്‌കരിച്ചിട്ട് വരാം ' എന്നുപറഞ്ഞപ്പോള്‍  'എനിക്കും നിന്റെകൂടെ വന്ന് പ്രാര്‍ഥിക്കണമെന്നുണ്ട്' എന്ന് അറിയിച്ചു. ദൈവത്തിന്റെ മുമ്പില്‍ ആദ്യമായി ഞാനെന്റെ തലഭൂമിയില്‍ സ്പര്‍ശിച്ചത് അന്നായിരുന്നു. എന്റെ ജീവിതത്തില്‍ ഞാനന്നുവരെ അനുഭവിച്ചിട്ടില്ലാത്ത എന്തോ ഒന്ന് എന്നിലേക്കാര്‍ത്തിരമ്പിവന്നു'. മെലനീ തന്റെ ഓര്‍മകള്‍ അയവിറക്കി.
ഖുര്‍ആന്‍ പഠിക്കാനായി മൗറീഷ്യസിലേക്കുപോയ മെലനീ ഇസ്‌ലാമികഗ്രന്ഥങ്ങളും കൂട്ടത്തില്‍ വായിച്ചു. ഇസ്‌ലാമിന്റെ സഹിഷ്ണുതയെ അടുത്തറിഞ്ഞത് അപ്പോഴായിരുന്നു. ഇസ്‌ലാമിന്റെ പേരിലുള്ള ജിഹാദും അക്രമസംഭവങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍  ഇപ്രകാരമായിരുന്നു അവരുടെ മറുപടി:
'നമ്മള്‍ വിവരമുള്ളവരെയും വിവരമില്ലാത്തവരെയും വേറിട്ടുമനസ്സിലാക്കേണ്ടിയിരിക്കുന്നു. വിവരമില്ലാത്തവന്‍ തനിക്കറിയാത്തതിനെപ്പറ്റി സംസാരിക്കാതിരിക്കുകയാണ് വേണ്ടത്. ഇന്ന് കാണുംപോലെ നിരപരാധികളെ വധിക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല.'

**************************************************************

പ്രവാചകനെ നിന്ദിച്ചു സിനിമ എടുത്തതില്‍ ഞാന്‍ ഖേദിക്കുന്നു 
______________________

മക്ക: മനുഷ്യ സമൂഹത്തിന്റെ നായകനായ മുഹമ്മദ് നബി(സ)യുടെ പാദസ്പര്‍ശമേറ്റ ഈ പുണ്യനഗരിയില്‍ എനിക്ക് ലഭിച്ച ആത്മീയ നിര്‍വൃതി വാക്കുകള്‍ക്കതീതം. ഞാനെന്റെ ജീവിതത്തില്‍ ചെയ്തുപോയ തെറ്റുകള്‍ക്ക് പ്രപഞ്ച നാഥനോട് മനമുരുകി പ്രാര്‍ഥിച്ചു. ഹജ്ജ് കര്‍മ്മം കഴിഞ്ഞ് നാട്ടിലെത്തിയാല്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കും. പ്രവാചകന്റെ പേരില്‍ ഞാന്‍ അടുത്ത് തന്നെ പുതിയ ചിത്രം നിര്‍മ്മിക്കുന്നുണ്ട്. അതുവഴി ഇസ്‌ലാമിന്റെ യഥാര്‍ഥ ചിത്രം എല്ലാവര്‍ക്കും കാണിച്ചുകൊടുക്കും. .

ഇസ്‌ലാമിനെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും കരിവാരിത്തേക്കാന്‍ ഫിത്‌ന എന്ന സിനിമയിറക്കുകയും ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത ഡെന്‍മാര്‍ക്കിലെ ഫ്രീഡം പാര്‍ട്ടി മുന്‍ എം.പി ആര്‍നോഡ് വാന്‍ ഡൂണിന്റെ വാക്കുകളാണിത്.

ഈ പുണ്യഭൂമിയില്‍ കാലുകുത്തിയത് മുതല്‍ ഞാന്‍ കണ്ണീരിലലിയുകയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും സുവര്‍ണഘട്ടമായി ഞാന്‍ ഇതിനെ കണക്കാക്കുന്നു.

ഹജ്ജ് കര്‍മം കഴിഞ്ഞ് ഇനി കുറച്ച് കാലം പുണ്യമദീനയില്‍ കഴിയണം. എന്റെ മനസ്സ് ഇപ്പോഴും മദീനയുടെ ചാരത്താണ്. ജീവിതകാലം മുഴുവന്‍ മദീനയില്‍ കഴിയാനാണ് എനിക്ക് താത്പര്യം. പക്ഷേ അതിന് ചില സാങ്കേതിക തടസ്സങ്ങളുണ്ട്. തന്റെ രാജ്യത്തേക്ക് മടങ്ങിയ ശേഷം പ്രവാചകനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചും ഞാന്‍ ചിത്രം നിര്‍മ്മിക്കും. മുസ്‌ലിം സമൂഹത്തില്‍ ജീവിക്കാത്ത എനിക്ക് ഇസ്‌ലാമില്‍ വന്നയുടനെ അല്‍പം പ്രയാസങ്ങളുണ്ടായിരുന്നു. പിന്നീട് അതെല്ലാം ഒഴിവായി. ഈ പുണ്യ നാടിന്റെ ഓരോ മണല്‍ തരികളും എന്റെ മനസിന്റെ പുളകമാണ്. ആദ്യമായാണ് ഞാന്‍ ഹജ്ജ് നിര്‍വഹിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഞാന്‍ ഉംറ ചെയ്യാനെത്തിയിരുന്നു.

സിനിമ പുറത്തിറങ്ങിയപ്പോള്‍ ലോകവ്യാപകമായുണ്ടായ പ്രതിഷേധമാണ് വാന്‍ ഡൂണിനു ഇസ്‌ലാമിലേക്കുള്ള വഴിവിളക്കായത്. മുഹമ്മദ് എന്ന പ്രവാചകനെ എന്തു കൊണ്ട് ലോകമെങ്ങുമുള്ള മുസ്‌ലിംകള്‍ ഇത്രയേറെ സ്‌നേഹിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം തേടി ഒരു വര്‍ഷത്തോളം നടത്തിയ ഖുര്‍ആന്‍, ഹദീസ് പഠനത്തിനു ശേഷം വാന്‍ ഡൂണ്‍ ഇസ്‌ലാം മതം ആശ്ലേഷിക്കുകയായിരുന്നു.

ഡച്ച് പാര്‍ലമെന്റംഗവും ഹേഗ് സിറ്റി കൗണ്‍സില്‍ അംഗവുമായ വാന്‍ ഡൂണ്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതായി ഒരു വര്‍ഷം മുമ്പ് ട്വിറ്റര്‍ വഴിയാണ് പ്രഖ്യാപിച്ചത്.

അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ലെന്നും മുഹമ്മദ് അവന്റെ പ്രവാചകനാണെന്നുള്ള സത്യസാക്ഷ്യവും അതോടൊപ്പം ഡൂണ്‍ കുറിച്ചിട്ടപ്പോള്‍ കടുത്ത ഇസ്‌ലാം വിരുദ്ധനായ ഡൂണിന്റെ തമാശയായി മാത്രമേ ആദ്യഘട്ടത്തില്‍ അനുയായികള്‍ കരുതിയുള്ളൂ. പിന്നീട് ഹേഗ് സിറ്റി മേയര്‍ക്ക് താന്‍ ഇസ്‌ലാം മതം സ്വീകരിച്ചു എന്ന കത്ത് ഔദ്യോഗികമായി നല്‍കിയപ്പോഴാണ് എല്ലാവരും വിശ്വസിച്ചത്.
_______***********************________________________-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.